Friday, May 17, 2013

മുഖമില്ലാത്ത പെണ്‍കുട്ടി

ഞാൻ നിന്നെ കുറിച്ച് അറിയുന്നത്
പത്ര വാർത്തകളിലൂടെയായിരുന്നു ..
നിനക്ക് മുഖമില്ലത്രേ !!
അത് കൊണ്ട് തന്നെ 
മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവില്ല 
എന്ന് ഞാൻ നിനച്ചു !
നീല വാനവും, മഴവില്ലഴകുള്ള പട്ടു പാവാടയും 
പുസ്തകത്താളിലെ മയിൽപ്പീലിയും 
മറ്റാരുടെയോ ആയിരിക്കാം ...

പേരുമില്ലാതെയായിരിക്കുന്നു ;അതിശയം !
എല്ലാവരും നിന്നെ "പെണ്‍കുട്ടി " എന്ന് വിളിച്ചു ..
നിന്നെക്കുറിച്ച് പറയുന്നവരുടെ 
മുഖങ്ങളിൽ പല വികാരങ്ങൾ -
നിസ്സഹായത ,പുച്ഛം ,രോഷം ,വെറുപ്പ്‌ 
അതിനെക്കാൾ അസഹ്യമായ സഹതാപം!

നിർവികാരനായി ഞാൻ പറഞ്ഞു 
"എനിക്ക് നിന്നെ അറിയില്ല ..
നീ എന്റെ ആരുമല്ല !"
നീ കരഞ്ഞുറങ്ങിയ രാത്രികൾ 
നീ ഭയപ്പെട്ട പകൽ  വെളിച്ചം 
നിന്റെ കാതിൽ ആർത്ത് അലച്ച ശാപ വാക്കുകൾ !
എനിക്കറിയേണ്ട ഒന്നും,എനിക്കറിയില്ല നിന്നെ !

നീ പലവട്ടം മരിച്ചുവത്രേ !
ആദ്യം കഴുകന്മാർ ശരീരത്തിലും 
അതിനെക്കാൾ ആഴത്തിൽ മനസ്സിലും 
മുറിവുകളുണ്ടാക്കി ഉല്ലസ്സിച്ചപ്പോൾ ..
പിന്നെ ,ക്യാമറയും ,മൈക്കുമായി ഒരു കൂട്ടര് 
നിന്നെ മുഖമില്ലാത്തവളാക്കിയപ്പോൾ
 മുഖമില്ലാതവൾക്കും നൽകണമല്ലോ 'അഭിമുഖം '

അവസാനമായി കാവല്ക്കാരാകേണ്ടവർ 
വവ്വാലുകളായി വന്നു ,നിനക്ക് മാത്രമുള്ള  നീതി 
തട്ടിയെടുത്തു പറന്നു പോയപ്പോൾ ..

പക്ഷെ ,നിന്റെ ജനിമൃതികൾ എന്നെ 
അസ്വസ്ഥനാക്കിയില്ല ,തെല്ലും 
നീ എന്റെ ആരുമല്ലല്ലോ!

പത്രത്തില്  കണ്ണ് നട്ടിരുന്ന എന്റെ കാതുകളിൽ 
ഒരു വിളി മുഴങ്ങി ..
"ഏട്ടാ " ..തിരിഞ്ഞു നോക്കി ..
ഞാൻ നടുങ്ങി 

എന്റെ അനുജത്തി ..
അവൾക്കു മുഖമില്ലതായിരിക്കുന്നു!!



ചോദ്യങ്ങൾ








ജനാലയിലൂടെ അനുവാദമില്ലാതെ
അകത്തു കടന്ന മഴത്തുള്ളി ചോദിച്ചു

"എന്നെക്കാൾ മനോഹരമായത് എന്ത് ?"

"പ്രണയം " ഞാൻ പുഞ്ചിരിച്ചു ..

എന്നെക്കാളധികം ജീവൻ നിലനിര്ത്തുന്നതാര് ?

"പ്രതീക്ഷ " ഞാൻ പറഞ്ഞു

"ജനിമൃതികൾക്കപ്പുറം പൂക്കുന്നതോ ?"

"സൗഹൃദത്തിന്റെ  ചെമ്പകം "

"എന്റെ മഴവില്ലിനെക്കൾ നിറങ്ങൾ ആർക്ക് ?"

"എന്റെ സ്വപ്നങ്ങൾക്ക് "

ഞാൻ തരുന്ന ഏറ്റവും വല്യ വേദനയോ ?

"നിനക്കായുള്ള കാത്തിരുപ്പ് തന്നെ "

അപ്പോഴാ മഴത്തുള്ളി പൊടുന്നനെ
എന്റെ കണ്പീലിയിൽ പോയൊളിച്ചു ..

ഞാൻ ജയിച്ചുവോ??



Monday, May 13, 2013

മറവി

നീ എപ്പോഴുമുണ്ടായിരുന്നു

മാറാല പിടിച്ച മനസ്സിന്റെ കോണിൽ
ചിതലരിച്ചു തുടങ്ങിയ
ഓർമ്മയുടെ ഏടുകളിൽ പോലും
മങ്ങി തുടങ്ങിയ ഒരു ചിത്രം പോലെ ..

കാലം തലോടി ഉണക്കിയ
രുധിരം പൊടിഞ്ഞ മുറിപ്പാടുകളിൽ
ആഴമറിയാത്ത ഒരു വേദന പോലെ ..

പോയ ഋതുക്കളുടെ താളുകളിൽ
നിന്റെ ബാല്യ കൗമാര യൗവനങ്ങൽ  മാത്രം
നിന്റെ കുസൃതികൾ മറവിയിൽ ആഴാതിരിക്കാൻ
ഇടയ്ക്കോർത്തു ഞാൻ ചിരിക്കാറുണ്ട് ഇപ്പോഴും
നിന്റെ  കാൽപ്പാടുകൾ പോലും മായാതെയുണ്ട്‌
എന്റെ മനസ്സിന്റെ കോലായിൽ, മകനേ

എന്നിട്ടും വൃദ്ധസദനതിന്റെ
മേലാളരോട് നീ പറഞ്ഞു
അമ്മയ്ക്ക് മറവിയാണെന്ന് ....
നിന്നെ തിരിച്ചറിയില്ലെന്നു !!!

Monday, May 6, 2013

മതിലുകൾ



ഞാൻ ഐഷ ,നീ  രാധ  ,അവൾ  കുഞ്ഞുമറിയ
നമ്മൾ കളിക്കൂട്ടുകാർ 
ഈ മാന്തോപ്പും മൈതാനിയും 
നമ്മുടെ സാമ്രാജ്യം ..
എത്ര മണ്ണപ്പം ചുട്ടു 
എത്ര പ്ലാവിലപ്പാത്രങ്ങളിൽ 
കഞ്ഞിയും കറിയും തിളച്ചു ..
നിന്റെ സിന്ദൂര പൊട്ടിൽ  അസ്തമയ സൂര്യൻ 
അവളുടെ കുരിശു മാലയിൽ പകലിന്റെ നന്മ 
എന്റെ സുറുമയിൽ രാവിന്റെ നൈർമല്യം 
വര്ഷങ്ങളുടെ കണ്ണ് പൊത്തി  കളിക്കൊടുവിൽ 
ബാല്യം എങ്ങോ  പോയൊളിച്ചു !
കിനാവിൽ ഒഴുകി നീങ്ങിയ കളിവഞ്ചികളിൽ 
കാലത്തിന്റെ ഒരു കൈയ്യൊപ്പ് മാത്രം !

നമ്മൾ വളർന്നു ..
ഞാൻ മുസ്ലിമും നീ ഹിന്ദുവും 
അവൾ ക്രിസ്ത്യാനിയുമായി ..
എങ്ങനെയോ ...
എന്റെയും നിന്റെയും അവളുടെയും 
സാമ്രാജ്യങ്ങൾക്കു അതിർവരമ്പുകളും ..
കൂറ്റൻ മതിലുകൾ നമ്മെ മറച്ചു 
പരസ്പരം കാണാതെയായി ,അറിയാതെയും ...

ഇന്ന് പുലർച്ചെ  ആ മതിലിന്മേൽ
ആരുമറിയാതെ വിടർന്ന 
കള്ളിമുൾ പൂക്കളിൽ കണ്ടത് 
 ഒരു മഞ്ഞുതുള്ളിയോ 

നഷ്ടസൗഹൃദത്തിന്റെ  നൊമ്പരമോ??

Sunday, January 27, 2013

നിലാവില്‍ ഒരു പുഴ

നിലാവില്‍ ഒരു പുഴ ഒഴുകുന്നുണ്ട് 
അജ്ഞാതമായ ഉറവിടത്തില്‍ നിന്ന് 
കണ്ണുനീര്‍ പോലെ തെളിഞ്ഞു 
ആഴിയെ തേടി 
നിലാവില്‍ ഇന്നും ഒരു പുഴയോഴുകുന്നുണ്ട് 

വരൂ ,നമുക്കല്പനേരം അതിന്‍റെ 
നനവാര്‍ന്ന  ഓരത്തിരിക്കാം ..
നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറയാം 
ഓര്‍മകളുടെ ഉരുളന്‍ കല്ലുകള്‍ ഒക്കെയും 
മിനുസമായ് കവിളില്‍ ഉരസ്സാം ..

കാലത്തിന്‍റെ ഒഴുക്കില്‍ കാല്‍ നനയ്ക്കാം 
അഗാധമായ ചുഴികളെയോര്‍ത്തു 
അത്ഭുതം തൂകാം ..
പിന്നെ പ്രണയാര്‍ദ്രമായ് ഒരു കവിത മൂളാം 
ഒരു നിശാഗന്ധിയുടെ സുഗന്ധമായ്‌ 
ഈ പാതിരാ കാറ്റില്‍ അലിഞ്ഞു ചേരാം..

സ്വപ്‌നങ്ങള്‍ കളിവഞ്ചികള്‍ ആയൊഴുക്കാം 
ദൂരേയ്ക്ക് അവ നീങ്ങുന്നത്‌ കാണ്‍കെ 
വെറുതെ പരിഭവിക്കാം ..
ആരോരുമറിയാതെ ഈ പ്രണയമിനി 
ഒരു മൗനത്തിന്‍ സംഗീതമാക്കാം ..
പാര്‍വണം പെയ്യും പാതകളില്‍ 
നിഴലുകള്‍ മാത്രമായ് നടന്നു പോകാം ..


നിന്‍റെ മന്ദസ്മിതം പോല്‍ 
മനോജ്ഞമായ നിലാവില്‍ 
ഇന്നും ഒരു പുഴ ഒഴുകുന്നുണ്ട് 
പ്രണയഗീതികള്‍ പാടി 
കണ്ണുനീര്‍ പോലെ തെളിഞ്ഞ് 
നിലാവില്‍ ഇന്നും ഒരു പുഴയൊഴുകുനുണ്ട് ...

Wednesday, December 12, 2012

കാത്തിരിപ്പ്‌


 അന്ന്
പകല്‍ എരിഞ്ഞടങ്ങി
പെയ്തു തോര്‍ന്ന സന്ധ്യാംബരത്തിന്റെ താഴെ
നിശാ ശലഭങ്ങള്‍ എത്തിതുടങ്ങിയിരിക്കുന്നു ..
രണ്ടായി പിരിയുന്ന ഈ വഴിയ്ക്കരികില്‍
നീയും ഞാനും ..
ഹൃദയം മൊഴിയുന്ന യാത്രാമൊഴികളില്‍
എന്നും രക്തം പൊടിഞ്ഞിരുന്നോ ?
ഒരു വരി പോലും കുറിക്കാത്ത കവിത
ആത്മാവില്‍ നെരിപ്പോട് തീര്‍ക്കും പോലെ..
നമുക്കിടയില്‍ പ്രണയമുണ്ടായിരുന്നോ ??
നിന്റെ ചോദ്യത്തിനുത്തരം ഞാന്‍
നിറഞ്ഞ മിഴികളിലും എന്റെ മൌനത്തിനുമിടയില്‍
കുറിച്ച് വച്ചു ..

വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍
നീയത് കാണാതെ നടന്നകലെ
നിലത്തു വീണു പോയ എന്റെ പൂപ്പാത്രത്തില്‍
നിന്നും ആയുസ്സറ്റ സ്വപ്‌നങ്ങള്‍
ഒരു പറ്റം ഈയാംപാറ്റകളായി പറന്നുയര്‍ന്നു

ഇന്ന്
  ഒടുവിലത്തെ ഒലിവു മരത്തില്‍ നിന്നും
ജന്മാന്തരങ്ങള്‍ ഇലകളായി പൊഴിയേ
നിന്റെ നിശ്വാസം പേറി വന്ന
കാറ്റ് എനിക്ക് സമ്മാനിച്ചത്‌
കാത്തിരുപ്പിന്റെ സുഗന്ധം

Friday, August 3, 2012

സഹയാത്രികര്‍





എവിടെ നിന്നോ വന്നു  എങ്ങോട്ടോ  പോകേണ്ടവര്‍
വഴിയരികില്‍ യാദ്രിശ്ചികമീ കണ്ടുമുട്ടല്‍ ..
നീ നീട്ടിയ സൌഹൃദതിന്‍ കരങ്ങളില്‍ ,പിന്നെടെപ്പോഴോ
എന്റെ കരങ്ങള്‍ ചേര്‍ത്ത് ഞാന്‍ നടന്നു ..
                                                             
നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീണുപോയി
വര്‍ണ്ണാഭമാം പുലരികള്‍ ,നിശബ്ദ നിശീധിനികള്‍ ..
ഇടയ്കെപ്പോഴോ പരിഭവം പറഞ്ഞെതി
ഇല ചാര്‍ത്തിലൂഞ്ഞലാടി മഴത്തുള്ളികള്‍ ..

ഇടനാഴിയില്‍ വച്ചൊരിക്കല്‍ നീ പറഞ്ഞു
ഓര്‍മകളുടെ ഭാണ്ടകെട്ടുകള്‍ ഉപേക്ഷിച്ചുപോകം
സ്വപ്നങ്ങുളുടെ ഭാരം അകറ്റാം അവയെ ഒരു പിടി
അപ്പൂപ്പന്‍ താടികളായി ഈ കാറ്റില്‍ പറതാം

ഓരോ പൂവിലും സ്നേഹമെന്നെഴുതം
പിന്നതില്‍ കനിവിന്റെ മധുഗാനം ഒളിച്ചു വയ്ക്കാം
നീളെ നന്മ തന്‍ വഴിവിളക്കുകള്‍ തിരിതെളിയിക്കാം
മിഴിനീരില്‍ അമ്മ തന്‍ താരാട്ടിന്‍ ഈണം കൊരുക്കാം

ഒരിക്കല്‍ വിരുന്നു പോകാം ഇതിഹാസതിനും അപ്പുറം
ജന്മാന്തര സൌഹൃദം പൂത്തൊരാ ചെമ്പക ചോട്ടില്‍
ഇവിടെ ഞാനും നീയും മരിച്ചു വീഴേ
നമുക്ക് ബാക്കിയാവാം ..

സംഗമവും വേര്‍പാടും നിശ്ചയം ഇല്ലെങ്കിലുമീ
സൌഹൃദം മായാതത് ആവട്ടെ എന്നെന്നും
ഒരു കുഞ്ഞിന്‍ പുഞ്ചിരിയില്‍ വിടരും  കവിതയില്‍
നശ്വരതയില്‍ അനശ്വരതയെ തേടാം നമുക്കിനി ...