Monday, May 6, 2013

മതിലുകൾ



ഞാൻ ഐഷ ,നീ  രാധ  ,അവൾ  കുഞ്ഞുമറിയ
നമ്മൾ കളിക്കൂട്ടുകാർ 
ഈ മാന്തോപ്പും മൈതാനിയും 
നമ്മുടെ സാമ്രാജ്യം ..
എത്ര മണ്ണപ്പം ചുട്ടു 
എത്ര പ്ലാവിലപ്പാത്രങ്ങളിൽ 
കഞ്ഞിയും കറിയും തിളച്ചു ..
നിന്റെ സിന്ദൂര പൊട്ടിൽ  അസ്തമയ സൂര്യൻ 
അവളുടെ കുരിശു മാലയിൽ പകലിന്റെ നന്മ 
എന്റെ സുറുമയിൽ രാവിന്റെ നൈർമല്യം 
വര്ഷങ്ങളുടെ കണ്ണ് പൊത്തി  കളിക്കൊടുവിൽ 
ബാല്യം എങ്ങോ  പോയൊളിച്ചു !
കിനാവിൽ ഒഴുകി നീങ്ങിയ കളിവഞ്ചികളിൽ 
കാലത്തിന്റെ ഒരു കൈയ്യൊപ്പ് മാത്രം !

നമ്മൾ വളർന്നു ..
ഞാൻ മുസ്ലിമും നീ ഹിന്ദുവും 
അവൾ ക്രിസ്ത്യാനിയുമായി ..
എങ്ങനെയോ ...
എന്റെയും നിന്റെയും അവളുടെയും 
സാമ്രാജ്യങ്ങൾക്കു അതിർവരമ്പുകളും ..
കൂറ്റൻ മതിലുകൾ നമ്മെ മറച്ചു 
പരസ്പരം കാണാതെയായി ,അറിയാതെയും ...

ഇന്ന് പുലർച്ചെ  ആ മതിലിന്മേൽ
ആരുമറിയാതെ വിടർന്ന 
കള്ളിമുൾ പൂക്കളിൽ കണ്ടത് 
 ഒരു മഞ്ഞുതുള്ളിയോ 

നഷ്ടസൗഹൃദത്തിന്റെ  നൊമ്പരമോ??

No comments:

Post a Comment