Friday, January 13, 2012

പുലരി
















പൂനിലാവൊളി ചിന്നി മറഞ്ഞുപോയി ;
പൂര്ന്നെന്ദു രാവിന്‍ തിരശീല വീണു
ഇരുള്‍ വീഴും ഇടവഴി പാതകള്‍ തെളിഞ്ഞു
ഇടയന്‍റെ  കുറു കുഴല്‍ പാട്ട്  കേള്‍ക്കെ

കുന്നിന്‍ ചെരുവില്‍ വര്‍ണ്ണങ്ങള്‍ തൂവി
കുട്ടി സൂര്യന്‍ ഒളിഞ്ഞു നോക്കി
കാറ്റിന്‍ കൈകള്‍ താരാട്ടും ചെന്താമര
കാട്ടു പൊയ്കയാം മഞ്ചലില്‍ നിന്നുണര്‍ന്നു

വല്ലികൈകള്‍ പുണരും വൃക്ഷങ്ങള്‍ ,സൂര്യനെ
വന്ദിക്കുവാന്‍ കൈകൂപ്പി  നിന്നു
മഞ്ഞിന്‍ കണങ്ങള്‍ പൊഴിച്ചു ഇലകള്‍
മങ്കമാര്‍ കൂന്തല്‍ ഉതിര്‍ക്കും പോലെ ..


പൂമൊട്ടുകള്‍ വിരിയാന്‍ ഒരുങ്ങി നിന്നു
പൂമണം കാറ്റില്‍ നിറഞ്ഞിടുന്നു
പൂവുകള്‍ പുഞ്ചിരി പൊഴിച്ചിടുന്നു
പുതിയ പ്രഭാതത്തെ വരവേറ്റിടുന്നു


നീല വാനം നാണിച്ചു നിന്നു ..തന്‍
നീര്‍മിഴികളില്‍ മഷി എഴുതാന്‍
വെള്ള മേഘ കുതിരകളാല്‍ ചലിക്കും
വെള്ളിതേരോരുങ്ങി വന്നു

  വിണ്‍ ആകെ സ്വര്‍ണ്ണ വര്‍ണ്ണമായി
വന്നു ചേര്‍ന്നുവല്ലോ പൊന്‍ സൂര്യന്‍
മണ്ണിനു മരീചി മാലകളാല്‍ ആദിത്യന്‍
മനോഹരമായി താലി ചാര്‍ത്തി

മറയുകയായ് ഇരുള്‍ മണ്ണിലും വിണ്ണിലും
മനസ്സിന്‍ ഇരുളും മറയട്ടെ ഈ പുലരിയില്‍
വിരിയട്ടെ നന്മ തന്‍ പുലരികള്‍ എക്കാലവും
വിശ്വസ്നേഹം നിറയട്ടെ പാരില്‍ !!!