Friday, May 17, 2013

മുഖമില്ലാത്ത പെണ്‍കുട്ടി

ഞാൻ നിന്നെ കുറിച്ച് അറിയുന്നത്
പത്ര വാർത്തകളിലൂടെയായിരുന്നു ..
നിനക്ക് മുഖമില്ലത്രേ !!
അത് കൊണ്ട് തന്നെ 
മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവില്ല 
എന്ന് ഞാൻ നിനച്ചു !
നീല വാനവും, മഴവില്ലഴകുള്ള പട്ടു പാവാടയും 
പുസ്തകത്താളിലെ മയിൽപ്പീലിയും 
മറ്റാരുടെയോ ആയിരിക്കാം ...

പേരുമില്ലാതെയായിരിക്കുന്നു ;അതിശയം !
എല്ലാവരും നിന്നെ "പെണ്‍കുട്ടി " എന്ന് വിളിച്ചു ..
നിന്നെക്കുറിച്ച് പറയുന്നവരുടെ 
മുഖങ്ങളിൽ പല വികാരങ്ങൾ -
നിസ്സഹായത ,പുച്ഛം ,രോഷം ,വെറുപ്പ്‌ 
അതിനെക്കാൾ അസഹ്യമായ സഹതാപം!

നിർവികാരനായി ഞാൻ പറഞ്ഞു 
"എനിക്ക് നിന്നെ അറിയില്ല ..
നീ എന്റെ ആരുമല്ല !"
നീ കരഞ്ഞുറങ്ങിയ രാത്രികൾ 
നീ ഭയപ്പെട്ട പകൽ  വെളിച്ചം 
നിന്റെ കാതിൽ ആർത്ത് അലച്ച ശാപ വാക്കുകൾ !
എനിക്കറിയേണ്ട ഒന്നും,എനിക്കറിയില്ല നിന്നെ !

നീ പലവട്ടം മരിച്ചുവത്രേ !
ആദ്യം കഴുകന്മാർ ശരീരത്തിലും 
അതിനെക്കാൾ ആഴത്തിൽ മനസ്സിലും 
മുറിവുകളുണ്ടാക്കി ഉല്ലസ്സിച്ചപ്പോൾ ..
പിന്നെ ,ക്യാമറയും ,മൈക്കുമായി ഒരു കൂട്ടര് 
നിന്നെ മുഖമില്ലാത്തവളാക്കിയപ്പോൾ
 മുഖമില്ലാതവൾക്കും നൽകണമല്ലോ 'അഭിമുഖം '

അവസാനമായി കാവല്ക്കാരാകേണ്ടവർ 
വവ്വാലുകളായി വന്നു ,നിനക്ക് മാത്രമുള്ള  നീതി 
തട്ടിയെടുത്തു പറന്നു പോയപ്പോൾ ..

പക്ഷെ ,നിന്റെ ജനിമൃതികൾ എന്നെ 
അസ്വസ്ഥനാക്കിയില്ല ,തെല്ലും 
നീ എന്റെ ആരുമല്ലല്ലോ!

പത്രത്തില്  കണ്ണ് നട്ടിരുന്ന എന്റെ കാതുകളിൽ 
ഒരു വിളി മുഴങ്ങി ..
"ഏട്ടാ " ..തിരിഞ്ഞു നോക്കി ..
ഞാൻ നടുങ്ങി 

എന്റെ അനുജത്തി ..
അവൾക്കു മുഖമില്ലതായിരിക്കുന്നു!!



4 comments:

  1. വായിക്കാനാവുന്നുണ്ട് മനസ്സിലെ രോഷവും , തീയും ..
    ആശംസകൾ സുഹൃത്തെ .

    ReplyDelete