
അജ്ഞാതമായ ഉറവിടത്തില്‍ നിന്ന്
കണ്ണുനീര് പോലെ തെളിഞ്ഞു
ആഴിയെ തേടി
നിലാവില് ഇന്നും ഒരു പുഴയോഴുകുന്നുണ്ട്
വരൂ ,നമുക്കല്പനേരം അതിന്റെ
നനവാര്‍ന്ന ഓരത്തിരിക്കാം ..
നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറയാം
ഓര്‍മകളുടെ ഉരുളന്‍ കല്ലുകള്‍ ഒക്കെയും
മിനുസമായ് കവിളില്‍ ഉരസ്സാം ..
കാലത്തിന്റെ ഒഴുക്കില്‍ കാല് നനയ്ക്കാം
അഗാധമായ ചുഴികളെയോര്ത്തു
അത്ഭുതം തൂകാം ..
പിന്നെ പ്രണയാര്‍ദ്രമായ് ഒരു കവിത മൂളാം
ഒരു നിശാഗന്ധിയുടെ സുഗന്ധമായ്
ഈ പാതിരാ കാറ്റില്‍ അലിഞ്ഞു ചേരാം..
സ്വപ്നങ്ങള്‍ കളിവഞ്ചികള്‍ ആയൊഴുക്കാം
ദൂരേയ്ക്ക് അവ നീങ്ങുന്നത് കാണ്‍കെ
വെറുതെ പരിഭവിക്കാം ..
ആരോരുമറിയാതെ ഈ പ്രണയമിനി
ഒരു മൗനത്തിന് സംഗീതമാക്കാം ..
പാര്‍വണം പെയ്യും പാതകളില്‍
നിഴലുകള്‍ മാത്രമായ് നടന്നു പോകാം ..
നിന്റെ മന്ദസ്മിതം പോല്‍
മനോജ്ഞമായ നിലാവില്
ഇന്നും ഒരു പുഴ ഒഴുകുന്നുണ്ട്
പ്രണയഗീതികള്‍ പാടി
കണ്ണുനീര് പോലെ തെളിഞ്ഞ്
നിലാവില് ഇന്നും ഒരു പുഴയൊഴുകുനുണ്ട് ...